പന്ത് ചുരണ്ടല്‍ വിവാദം; ആരാധകരോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ
പോര്‍ട്ട് എലിസബത്ത്; പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആരാധകരോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. കളിക്കിടെ പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ബാന്ക്രോഫ്ര്റിനും മാത്രമാണ് പങ്കുള്ളത്. ഇവര്‍ മൂന്നുപേരും മാത്രമാണ് ഇക്കാര്യം അറിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ജെയിംസ് സതര്‍ലന്‍ഡ് അറിയിച്ചു. ടീം സിഇഒ ജെയിംസ് സതര്‍ലന്‍ഡ് ആണ് ദക്ഷിണാഫ്രിക്കന്‍ ടീമിനോടും ക്രിക്കറ്റ് പ്രേമികളോടും മാപ്പപേക്ഷ നടത്തിയത്.
ഇവര്‍ക്ക് പകരമായി മാത്യു റെന്‍ഷോ, ജോ ബേണ്‍സ്, മാക്സ് വെല്‍ എന്നിവരെ അവസാന ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ടിം പേയ്ന്‍ അവസാന ടെസ്റ്റില്‍ ടീമിനെ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിശീലക സ്ഥാനത്ത് നിന്ന് ഡാരന്‍ ലേമാനെ മാറ്റില്ലെന്ന് സതര്‍ലന്‍ഡ് വ്യക്തമാക്കി. സംഭവവുമായി അദ്ദേഹത്തിന് ബന്ധമില്ല. അതിനാല്‍ തന്നെ അദ്ദേഹം തുടരുമെന്നും സതര്‍ലന്‍ഡ് കൂട്ടിച്ചേര്‍ത്തു.