സന്തോഷ് ട്രോഫി സെമിഫൈനലില്‍ കേരളത്തിന് മിസോറാമും, വെസ്റ്റ് ബംഗാളിന് കര്‍ണാടകയും എതിരാളികള്‍
സന്തോഷ് ട്രോഫി സെമിഫൈനലില്‍ കേരളത്തിന് മിസോറാമും, വെസ്റ്റ് ബംഗാളിന് കര്‍ണാടകയും എതിരാളികള്‍. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഗോവയും, കര്‍ണാടകയും വിജയിച്ചു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോവ, പഞ്ചാബിനെ തകര്‍ത്തപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മിസോറാമിനെതിരെ കര്‍ണാടകയുടെ വിജയം. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ ചിത്രവും വ്യക്തമായി. കേരളത്തിന് മിസോറാമും, വെസ്റ്റ് ബെംഗാളിന് കര്‍ണാടകയുമാണ് സെമിയില്‍ എതിരാളികള്‍.
പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗോവ കാഴ്ച വെച്ചത്. മാക്രോയ് പെക്സോട്ടോയിലൂടെ 25ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗോവയ്ക്ക് വേണ്ടി 28ാം മിനുറ്റില്‍ വിക്ടോറിനോ ഫെര്‍ണാണ്ടസും, 59ാം മിനുറ്റില്‍ നെസ്റ്റര്‍ ഡയസും, 67ാം മിനുറ്റില്‍ ശുഭര്ട്ട് പെരേരയും ഗോളുകള്‍ നേടി. മത്സരം അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് ഗുര്‍തെജ് സിംഗാണ് പഞ്ചാബിന്റെ ആശ്വാസ ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മിസോറാമിനെതിരെ കര്‍ണാടകയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍, 74ാം മിനുറ്റില്‍ മലയാളി താരം രാജേഷ് എസ് നേടിയ ഗോളാണ് കര്‍ണാടകയ്ക്ക് ജയം സമ്മാനിച്ചത്.