കെ.എസ്.ആര്‍.ടി.സി; ഹൈക്കോടതി വിധി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. കേരള മോട്ടോര്‍വാഹനചട്ടം 267(2) ആണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത്. ഈചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച നിയമോപദേശം.
മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ ചട്ടം പരിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ അവസഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത ആഴ്‌ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.