ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവതി പിടിയില്‍
കൊച്ചി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവതി പിടിയില്‍. എറണാകുളം കതൃക്കടവ് വട്ടേക്കാട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റിനെ(37) ആണ് നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി പൊക്കമുള്ള കഞ്ചാവ് ചെടികളാണു മേരി ടെറസില്‍ വളര്‍ത്തിയിരുന്നത്. കഞ്ചാവ് ചെടികള്‍ സുഹൃത്ത് നല്കിയതാണെന്നു ഇവര്‍ പോലീസിനു മൊഴി നല്കി. നോര്‍ത്ത് സി.ഐ. കെ.ജെ. പീറ്ററിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയത്.
ഇവര്‍ക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ മേരിയും മാതാവും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ടെറസിലെ കഞ്ചാവ് ചെടി നട്ടതിനെക്കുറിച്ച് മേരിയുടെ മാതാവിന് അറിവുണ്ടായിരുന്നില്ലായെന്ന നിഗമനത്തിലാണു പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെതിരേ കേസ് എടുത്തിട്ടില്ല. യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നാണു പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.