പലസ്തീനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 15 പേര് കൊല്ലപ്പെട്ടു
ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പലസ്തീന് പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഗാസ അതിര്‍ത്തിയോടു ചേര്‍ന്നായിരുന്നു സംഭവം. പലസ്തീന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആറ് ആഴ്ചകള്‍ നീളുന്ന സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രതിഷേധനത്തിനിടെയാണ് വെടിവയ്പുണ്ടായത്.
അതിര്‍ത്തിയിലെ ഇസ്രയേല്‍ സേനയ്ക്കു നേരെ ടയറുകള്‍ കത്തിച്ചു വിടുകയും കല്ലെറിയും ചെയ്തപ്പോഴാണു വെടിവച്ചതെന്നു സൈന്യം പറയുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ക്കു നേരെ മാത്രമാണു വെടിവച്ചതെന്നും ഇസ്രയേല്‍ ന്യായീകരിച്ചു. ഗാസ മുനമ്ബിലെ ആറിടങ്ങളെ കലാപ ബാധിത പ്രദേശങ്ങളായും ഇസ്രയേല്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 30 ‘ലാന്‍ഡ് ഡേ’ ആയാണ് പലസ്തീന്‍കാര്‍ ആചരിക്കുന്നത്. 1976ലെ ഇസ്രയേലിന്റെ സ്ഥലം കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ട ആറു പേരുടെ ഓര്‍മയിലാണ് എല്ലാവര്‍ഷവും ദിനാചരണം. 30 മുതല്‍ ആറാഴ്ചത്തേക്കു പ്രതിഷേധത്തിനായിരുന്നു തീരുമാനം. മരിച്ചവരോടുള്ള ആദരസൂചകമായി ശനിയാഴ്ച പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്കി.