വിവാഹ രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹാദിയ

മലപ്പുറം: ഷെഫിന്‍ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്‍കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. ഹാദിയയുമായി ബന്ധപ്പെട്ട പഞ്ചായത്തിന്‍റെ രേഖകള്‍ എന്‍.ഐ.എയുടെ കൈവശമായതിനാല്‍ അപേക്ഷ‍യില്‍ നടപടി വൈകാനാണ് സാധ്യത.
2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാമസ്ജിദില്‍ വെച്ചാണ് ഹാദിയയുടെയും ഷെഫിന്‍ ജഹാന്‍റെയും വിവാഹം നടന്നത്. ഡിസംബര്‍ 20ന് ഹാദിയയും ഷെഫിനും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഹൈകോടതി വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Comments are closed.