സിറിയയില്‍നിന്നും സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: സിറിയയില്‍ നിന്നും തങ്ങളുടെ സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒഹായോ സംസ്ഥാനത്ത് നടന്ന തൊഴിലാളി സംഘടനകളുടെ പൊതുപരിപാടിയില്‍വെച്ചായിരുന്നു പ്രഖ്യാപനം. അതേസമയം, സിറിയയിലെ ഇറാഖ് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടത്തുന്ന സൈനികനടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിറിയയില്‍ വടക്കന്‍ മേഖലയിലാണ് യു.എസ് സൈന്യം കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ കുര്‍ദ്സേനയുടെ സഹായത്തോടെയാണ് ഐ.എസിനെതിരായ ആക്രമണങ്ങള്‍ നടത്തുന്നത്.
പശ്ചിമേഷ്യയിലെ സൈനികനടപടികള്‍ക്കായി 455 ലക്ഷം കോടി രൂപ യു.എസ് ചെലവഴിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയതുക ചെലവഴിക്കുന്നുണ്ടെങ്കിലും യു.എസിന് ഒന്നും തിരിച്ചുലഭിക്കുന്നില്ലെന്ന് ഒഹായോയിലെ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍, സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളൊന്നും ട്രംപ് വിശദമാക്കിയില്ല.വിദേശരാജ്യങ്ങളില്‍ വലിയതുക ചെലവഴിക്കുന്ന യു.എസിന് സ്വന്തം നാട്ടിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പണമില്ലെന്നും ഈ സ്ഥിതി ഇനിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, തന്റെ പദ്ധതികള്‍ക്ക് ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ടാവുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പരിതപിച്ചു.