ജിസാറ്റ്​ 6എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ​ഐ.എസ്​.ആര്‍.ഒ​

ന്യൂഡല്‍ഹി: വ്യാഴാഴ്​ച വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ്​ 6എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ​ഐ.എസ്​.ആര്‍.ഒ​. നേരത്തെ ഉപഗ്രഹത്തി​​​​​​ന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച്‌​ ​ഐ.എസ്​.ആര്‍.ഒ വിവരങ്ങളൊന്നും പുറത്ത്​ വിടാത്തത്​ അഭ്യൂഹങ്ങള്‍ക്ക്​ കാരണമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉപഗ്രഹവുമായുള്ള ബന്ധം നഷ്​ടമായ വിവരം ​ഐ.എസ്​.ആര്‍.ഒ വാര്‍ത്താ കുറിപ്പിലുടെ അറിയിച്ചത്​.​ ​നേരത്തെ 48 മണിക്കുറിന്​ മുമ്ബാണ്​ അവസാനമായി ​ഐ.എസ്​.ആര്‍.ഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാര്‍ത്താ കുറിപ്പ്​ പുറത്തിറക്കിയത്​​. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ്​ ജിസാറ്റ്​ 6 എ. വാര്‍ത്താവിനിമയ രംഗത്ത്​ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ട്​ ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ്​ ബാന്‍ഡ്​ ഉപഗ്രഹമാണ്​ ജിസാറ്റ്​ 6എ. 270 കോടി നിര്‍മാണ ചെലവുള്ള ജിസാറ്റ്​ 6 എ സൈനിക ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ്​ നിര്‍മിച്ചത്​​.
വിക്ഷേപിച്ച്‌ 17 മിനിട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍കാലിക ഭ്രമണപഥത്തിലാണ്​ ജി.എസ്‍.എല്‍.വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിച്ചത്​. തുടര്‍ന്ന് ഉപഗ്രഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കണ്‍ട്രോള്‍ റൂം ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകള്‍ ജ്വലിപ്പിച്ച്‌ ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ അകലെയുള്ള അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കാനാണ്​ ശ്രമിച്ചത്​. ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തില്‍ വിജയകരമായിരുന്നു. ​എന്നാല്‍ രണ്ടാമത്തെ ശ്രമത്തിന്​ ​ശേഷമാണ്​ ഉപഗ്രഹവും കംട്രോള്‍ റൂമും തമ്മിലുള്ള ബന്ധം നഷ്​ടമായത്​​. ഉപഗ്രഹത്തിന്​ ചില അപ്രതീക്ഷിത പ്രശ്​നങ്ങളുണ്ടായതായും ഇത്​ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ​ഐ.എസ്​.ആര്‍.ഒ നടത്തുന്നതായുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

Comments are closed.