ഇന്ധനവില കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ നയങ്ങളാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനവില കൂടുമ്ബോഴൊന്നും വില കുറയ്ക്കുന്ന കീഴ്‌വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോള്‍ 13 തവണയാണ് ഇന്ധന വില കൂട്ടിയത്. യുപിഎ സര്‍ക്കാരിന്‍റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ഇന്ധന തീരുവ സംസ്ഥാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കിഫ്ബിക്ക് പണമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി ഒഴിവാക്കാത്തതെന്ന് ആരോപിച്ചിരുന്നു. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്നും ധനമന്ത്രി പറഞ്ഞു.

Comments are closed.