യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്

കാലിഫോര്‍ണിയ: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നത്. ഇവിടെ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ തന്നെയാണ് അക്രമി എന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ക്ക് നേരെ വെടി ഉയര്‍ത്തതിന് ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്ക് പറ്റി. പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്. പോലീസ് നടപടികള്‍ തുടരുകയാണ്. പ്രദേശത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. 1700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി.

Comments are closed.