വി. മുരളീധരന്‍ രാജ്യസഭാഗമായി സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയില്‍നിന്നുള്ള രാജ്യസഭാഗമായ ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ഹിന്ദിയിലാണു സത്യപ്രതിജ്‌ഞ ചെയ്‌തത്‌. കര്‍ണാടകയില്‍ നിന്ന്‌ മൂന്നാംവട്ടം രാജ്യസഭയിലെത്തിയ എന്‍.ഡി.എ. വൈസ്‌ ചെയര്‍മാന്‍ രാജീവ്‌ ചന്ദ്രശേഖര്‍ കന്നഡത്തില്‍ സത്യവാചകം ചൊല്ലി. മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നു സത്യപ്രതിജ്‌ഞയ്‌ക്ക്‌ ശേഷം വി. മുരളീധരന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. വി. മുരളീധരന്‍ ഉള്‍പ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 41 പേര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്‌ഞ ചെയ്‌തു. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്‌, പ്രകാശ്‌ ജാവദേക്കര്‍, ജെ.പി നഡ്‌ഡ, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും ഇന്നലെ എം.പിമാരായി വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു.
സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുരളീധരന്‍റെ ഭാര്യ ജയശ്രീ എന്നിവര്‍ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക്‌ അഭിമാന നിമിഷമാണു മുരളീധരന്‍റെ രാജ്യസഭാംഗത്വമെന്നു കുമ്മനം പറഞ്ഞു. സംസ്‌ഥാന സമിതി അംഗം സി.കൃഷ്‌ണകുമാര്‍, എ. നാഗേഷ്‌, അഡ്വ. പി.സുധീര്‍, എന്‍.പി. രാമദാസ്‌, സുഗീഷ്‌, ബി. പ്രസാദ്‌ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരെത്തിയത്‌.

Comments are closed.