സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. പരീക്ഷാനടത്തിപ്പും മറ്റും സി.ബി.എസ്.ഇയുടെ അധികാരത്തിലുള്ളതാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്.
സി.ബി.എസ്.ഇയുടെ പത്താം ക്ളാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് ഇന്നലെ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. നേരത്തേ ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയിലും ഹരിയാനയിലും വീണ്ടും പരീക്ഷ നടത്തുമെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. മാനവിഭവശേഷി മന്ത്രാലയവും സി.ബി.എസ്.ഇയും നടത്തിയ ചര്‍ച്ചയിലാണ് പുനഃപരീക്ഷ വേണ്ടെന്ന് തീരുമാനിച്ചത്. വലിയ ചോര്‍ച്ച ഉണ്ടായില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനാലും വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്തുമാണ് പുനഃപരീക്ഷ വേണ്ടെന്ന് തീരുമാനിച്ചത്.

Comments are closed.