ഒന്നിലധികം സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒന്നിലധികം സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹ‌ര്‍ജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിന്തുണ. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഒരാള്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഒരു സീറ്റില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഇത് അനാവശ്യ ചെലവ് വരുത്തിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്തുണ നല്‍കിയത്.
ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ നിന്ന് മാത്രമേ മത്സരിക്കാനാവൂ എന്ന തരത്തില്‍ നിയമദഭദഗതി വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ഇത് സംബന്ധിച്ച മറുപടി നല്‍കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയത്.
നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ലോക്സഭയിലും നിയമസഭയിലും ഒരേസമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വോട്ട് തേടാന്‍ അവകാശമുണ്ട്. ഇത് നിര്‍ത്തലാക്കാന്‍ അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

Comments are closed.