മെഡിക്കല്‍ ഓര്‍ഡിനന്‍സ്; കുമ്മനം രാജശേഖരനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ കുമ്മനം രാജശേഖരനെതിരെ രാജ്യസഭാംഗമായ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ ഭാവി കരുതി അഴിമതിക്ക് കുടപിടിക്കുന്നത് ബിജെപി നിലപാടല്ലെന്നും എല്ലാവരും പിന്തുണച്ചത് കൊണ്ടാകാം ഒ രാജഗോപാലും ബില്ലിനെ പിന്തുണച്ചതെന്നും കേന്ദ്രസര്‍ക്കാരിനെതിരാണ് ഈ വിഷയത്തില്‍ കുമ്മനത്തിന്‍റെ നിലപാടെന്നും വി മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തി നല്‍കണമെന്ന കുമ്മനത്തിന്‍റെ കത്തിനെതിരെയാണ് മുരളീധരന്‍ രംഗത്തെത്തിയത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താനുളള ബില്ലില്‍ ഇന്നലെ പ്രതിപക്ഷവും ഭരണപക്ഷവും ഒപ്പുവച്ചിരുന്നു. ബിജെപിയുടെ ഏക അംഗം ഒ രാജഗോപാല്‍ അടക്കം ഒപ്പുവച്ചപ്പോള്‍ വിടി ബല്‍റാം എംഎല്‍എ മാത്രമാണ് ഒപ്പുവയ്ക്കാതിരുന്നത്. സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുകയും ഭരണ-പ്രതിപക്ഷ ഐക്യ ബില്ലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപിയിലും പൊട്ടിത്തെറിയുണ്ടായത്. പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ ആദ്യം രംഗത്ത് വന്നത് കോണ്‍ഗ്രസ് നേതാവായ സുധീരനായിരുന്നെങ്കില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച്‌ രംഗത്ത് വന്നത് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ വി മുരളീധരനാണ്.

Comments are closed.