ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കല്‍; മലപ്പുറത്ത് സംഘര്‍ഷം

മലപ്പുറം: മലപ്പുറം എ.ആര്‍ നഗറില്‍ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി സംഘര്‍ഷം. പ്രദേശവാസികളും പോലീസും ഏറ്റുമുട്ടി. 45 മീറ്റര്‍ വീതിയിലാണ് ഇവിടെ ദേശീയപാത വികസനം നടക്കുന്നത്. ദേശീയപാതയ്ക്ക് എതിരല്ലെന്ന് പറയുന്ന പ്രദേശവാസികള്‍ അലെയ്‌മെന്റിനെ ചൊല്ലിയാണ് തര്‍ക്കം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയിലൂടെ പാത കൊണ്ടുവരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ അലെയ്‌മെന്റ് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു.
നിലവിലെ അലെയ്‌മെന്റ് അനുസരിച്ച്‌ സ്ഥലമേറ്റെടുത്താല്‍ അമ്ബലങ്ങളും പള്ളികളും 32 വീടുകളും നഷ്ടപ്പെടും. കൂടാതെ വയലുകളും കൃഷിയിടങ്ങളും നശിക്കും. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി പറയുമ്ബോഴും സര്‍വേ നടപടികളുമായി മുന്നോട്ടുപോകുന്നതിനെയാണ് പ്രദേശവാസികള്‍ എതിര്‍ക്കുന്നത്. എന്നാല്‍ സര്‍വേയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമെന്ന് ഉദ്യോഗസ്ഥരും പറയുന്നു.
സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. പോലീസും തിരിച്ച്‌ കല്ലേറ് നടത്തി. ജനക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വീടുകളിലേക്ക് ഓടിക്കയറിയവരെ പോലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയാണ്. ഉദ്യോഗസ്ഥരെയും പോലീസിനെയും നേരിടാനായി സമരക്കാര്‍ പ്രദേശത്തെ കുറ്റിക്കാടുകള്‍ക്ക് തീയിട്ടു. റോഡില്‍ ടയറുകളും മറ്റും കൂട്ടിയിട്ട് തീയിടുകയാണ്. റോഡില്‍ കല്ലുകളും തടികളും ഇട്ട് ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

Comments are closed.