ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് അഴിമതി കേസില്‍ 24 വര്‍ഷം തടവ്
സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂണ്‍-ഹൈ അഴിമതി കേസില്‍ കുറ്റക്കാരന്‍. പാര്കിന് കോടതി 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്തു, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് മുന്‍ വനിത ഭരണാധികാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. പാര്ക്കിന് 30 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യുഷന് ആവശ്യപ്പെട്ടിരുന്നത്. സോള്‍ സെന്‍ട്രല്‍ ജില്ലാ കോടതി ജഡ്ജി കിം സെ-യങ് ആണ് വിധി പ്രസ്താവിച്ചത്.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാദ്യമാണ് പാര്‍ക്ക് രാജിവച്ചത്. മാര്‍ച്ചില്‍ അറസ്റ്റിലായ അവര്‍ സോളിലെ തടവറയിലായിരുന്നു. പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് തെരുവില്‍ പ്രക്ഷോഭവുമായി ഇറങ്ങിയത്.
അതേസമയം, താന്‍ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാണെന്നായിരുന്നു പാര്കിന്റെ വാദം. എന്നാല്‍ കോടതി അത് പരിഗണിച്ചില്ല. വിചാരണ കാലത്ത് കോടതിയില്‍ എത്താന്‍ പോലും അവര്‍ വിസമ്മതിച്ചു. വിധി കേള്‍ക്കാനും കോടതിയില്‍ എത്തിയിരുന്നില്ല.
Comments are closed.