ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായി പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. എസ്.പി.,ബി.എസ്.പി, എന്‍.സി.പി, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ നേരത്തെ കോണ്‍ഗ്രസിന്‍റെ നിര്‍ദേശത്തെ അനുകൂലിച്ചിരുന്നെങ്കിലും അവസാന നിമിഷം എസ്പി അടക്കമുള്ള കക്ഷികള്‍ ഇംപീച്ച്‌മെന്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ഇംപീച്ച്‌മെന്റ് വേണ്ടെന്ന നിലപാടാണുള്ളത്. ഇതിനാലാണ് കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ചതെന്നാണ് സൂചന.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു കോണ്‍ഗ്രസ്. ഇതിനായി ഇടത്പാര്‍ട്ടികളുടേതടക്കം അറുപതോളം പ്രതിപക്ഷ എംപിമാരുടെ ഒപ്പുശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ച കോണ്‍ഗ്രസ് പിന്നീട് ഇതുസംബന്ധിച്ച്‌ മൗനം തുടരുകയായിരുന്നു. പ്രശ്‌നം ഇപ്പോള്‍ അവസാനിച്ചെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കിയത്.

Comments are closed.