റവന്യൂ വകുപ്പിലെ അഴിമതിക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പട്ടിക തയ്യാറാക്കുന്നു

തിരുവനന്തപുരം : റവന്യൂ വകുപ്പിലെ അഴിമതി കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പട്ടിക തയ്യാറാക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിക്കും. പരിശോധനയ്ക്ക് അതതുജില്ലകളിലെ സബ്കളക്ടര്‍മാര്‍, അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേട്ട്, ആര്‍.ഡി.ഒ.മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ നടപടി സ്വീകരിക്കാന്‍ സ്‌ക്വാഡുകള്‍ക്ക് അധികാരമുണ്ടാകും. വകുപ്പുതല അച്ചടക്കനടപടി ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
വിവേചനാധികാരം ഉപയോഗിച്ച്‌ തീരുമാനമെടുത്ത് നടപ്പാക്കേണ്ട തസ്തികകള്‍, ഭൂമി സംബന്ധമായ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസുകള്‍, നേരിട്ട് പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട തസ്തികകള്‍ എന്നിവിടങ്ങളില്‍നിന്നും പട്ടികയില്‍പ്പെട്ട ജീവനക്കാരെ മാറ്റും. നിലവില്‍ 200 ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതല അച്ചടക്കനടപടി നടക്കുന്നുണ്ട്. ഇതില്‍ 60 പേര്‍ സസ്‌പെന്‍ഷനിലാണ്.
എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്‌ട്രേറ്റുകള്‍ വരെയുള്ള ഓഫീസുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തും. ഇതിനായി ഓരോ ജില്ലയിലും അഞ്ച് പരിശോധനാ സ്‌ക്വാഡുകളും ഒരു മേല്‍നോട്ട സ്‌ക്വാഡും തുടങ്ങും. സ്‌ക്വാഡുകള്‍ ഏപ്രില്‍ 20-നകം രൂപവത്കരിക്കണമെന്നാണ് റവന്യൂമന്ത്രിയുടെ നിര്‍ദേശം. മേയ് ആദ്യം മുതല്‍ തന്നെ സ്‌ക്വാഡുകളുടെ പരിശോധന ആരംഭിക്കും.

Comments are closed.