ചെന്നൈയില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ നടത്താന്‍ പാടില്ലെന്ന ആവശ്യം ശക്തമായി

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി വിഷയത്തില്‍ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈയില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ നടത്താന്‍ പാടില്ലെന്ന ആവശ്യം ശക്തമായി. ‘നാം തമിഴര്‍ കക്ഷി’ അടക്കമുള്ള തമിഴ് അനുകൂല പാര്‍ട്ടികള്‍ക്ക് പിന്നാലെ ദളിത് പാര്‍ട്ടി വി.സി.കെ.യും ഈ ആവശ്യവുമായി രംഗത്തെത്തി. മത്സരം ചെന്നൈയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.സി.കെ. നേതാവ് തിരുമാവളവന്‍ ഐ.പി.എല്‍. ചെയര്‍മാന് കത്തയച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പൊതുവികാരം മാനിച്ച്‌ വേദിമാറ്റാന്‍ നടപടിയെടുക്കണമെന്ന് തിരുമാവളവന്‍ അഭ്യര്‍ഥിച്ചു.
ഏപ്രില്‍ 10-ന് ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം. വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് ഏര്‍പ്പെടുത്തിരിക്കുന്ന അയോഗ്യത നീങ്ങിയതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ക്രിക്കറ്റിനും ഐ.പി.എല്ലിനും എതിരല്ല. പക്ഷേ, നിലവിലെ സാഹചര്യം പരിഗണിച്ച്‌ മത്സരവേദി മാറ്റണമെന്നാണ് തിരുമാവളവന്‍റെ അഭിപ്രായം.
സംവിധായകന്‍ ഭാരതിരാജ, സംഗീതസംവിധായകന്‍ ജെയിംസ് വസന്തന്‍ എന്നിവരും ഇവിടെ ഐ.പി.എല്‍. മത്സരം നടത്തുന്നതിനെതിരേ രംഗത്ത് വന്നിരുന്നു. കാവേരി സമരത്തെ മുന്നില്‍നിന്ന് നയിക്കുന്ന മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഐ.പി.എല്‍. ബഹിഷ്‌കരണത്തിന്‍റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും മനഃസാക്ഷിക്ക് അനുസരിച്ച്‌ തീരുമാനിക്കാമെന്നാണ് സ്റ്റാലിന്‍റെ പ്രതികരണം.

Comments are closed.