രാജ്യത്തിന് മുഴുവന്‍ നരേന്ദ്ര മോദി ദളിത് വിരുദ്ധനാണെന്നത് അറിയാമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി ദളിത് വിരുദ്ധനാണെന്നത് രാജ്യത്തിന് മുഴുവന്‍ അറിയാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍ എന്നിവരെ അടിച്ചമര്‍ത്തുകയെന്ന പ്രത്യയശാസ്ത്രമാണ് ബിജെപി പിന്തുടരുന്നതെന്നും മോദി ജാതിവാദിയാണെന്നാണ് ബിജെപി എംപിമാര്‍ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളെല്ലാം രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് എതിരാണെന്നും 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ്സ് പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വര്‍ഗീയ- ജനവിരുദ്ധ നടപടികള്‍ക്കും വര്‍ധിച്ചുവരുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ക്കും പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഒഴിവാക്കിയതിലും പ്രതിഷേധിച്ചായിരുന്നു ഉപവാസം.

Comments are closed.