ഹാദിയ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹൈക്കോടതിയുടെ നടപടിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി. കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ്ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.
ആദ്യ ഹര്‍ജിയില്‍ ഹാദിയയെ ഷഫീന്‍ ജഹാനൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതിതന്നെ അച്ഛന്‍ അശോകന്‍ നല്‍കിയ രണ്ടാം ഹേബിയസ് കോര്‍പ്പസില്‍ അതിന് അനുവദിച്ചില്ലെന്നും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്‌നേഹം തടസ്സമല്ലെന്നകാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ഹാദിയക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേസിലേക്ക് കൊണ്ടുവന്നത് തികച്ചും അനാവശ്യമായിരുന്നുവെന്നും അത്തരം വിഷയങ്ങളുണ്ടെങ്കില്‍ ആവശ്യമായ നടപടിയെടുക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നും സംരക്ഷണം വേണ്ട കുട്ടിയുടെയോ വ്യക്തിയുടെയോ രക്ഷാകര്‍തൃത്വം രാജ്യം ഏറ്റെടുക്കുന്ന തത്ത്വത്തിന് (പേരെന്റ് ഓഫ് ദ നേഷന്‍ തത്ത്വം) ഇവിടെ പ്രസക്തിയില്ല. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ ഈ തത്ത്വം ഉപയോഗിക്കേണ്ടതുള്ളൂ. അതിനും പല പരിമിതികളുമുണ്ടെന്നും കോടതി പറഞ്ഞു.

Comments are closed.