യുഎസ് സെനറ്റ് സമിതിക്ക് മുന്നില്‍ മാപ്പ് പറയാനൊരുങ്ങി മാര്‍ക് സക്കര്‍ബര്‍ഗ്

യുഎസ്: ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീണ്ടും മാപ്പ് പറയാനൊരുങ്ങി. യുഎസ് സെനറ്റ് സമിതിക്ക് മുന്നില്‍ ഇന്നും നാളെയുമായി വിശദീകരണം നല്‍കുന്ന സക്കര്‍ബര്‍ഗ്, അവരോട് വീണ്ടും മാപ്പ് പറയുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
‘ഇത് എന്‍റെ തെറ്റാണ്. ഞാനാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്, അതിന്‍റെ നടത്തിപ്പുകാരനും ഞാന്‍ തന്നെ. കമ്ബനിയില്‍ എന്തു സംഭവിക്കുന്നോ അതിന്‍റെ ഉത്തരവാദിത്വവുംഎനിക്ക് തന്നെയാണ്,മാപ്പ്’ സെനറ്റിനു കൈമാറിയ രേഖയില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫെയ്സ്ബുക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ വിവര ചോര്‍ച്ചയില്‍ ജനങ്ങളോടു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്‍പാകെ ഹാജരാകുന്നത്.
തെറ്റായ വാര്‍ത്തകള്‍, സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്സ്ബുക്ക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. സെനറ്റ് സമിതി അംഗങ്ങളുമായി കഴിഞ്ഞ ദിവസം വ്യക്തിപരമായി സക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Comments are closed.