മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; ഹൈക്കോടതി വിധിയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് വിഎസ്

കൊച്ചി : വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഹൈക്കോടതി വിധി എന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വിഎസ് ഉയര്‍ത്തിയ ആരോപണം കോടതി പരാമര്‍ശവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. ഹൈക്കോടതി വിധിയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് വിഎസ് വ്യക്തമാക്കി. എസ്‌എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പാവപ്പെട്ട സ്ത്രീകളെ മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ കബളിപ്പിക്കുകയാണെന്ന വാദം കോടതിയ്ക്ക് ബോധ്യപ്പെട്ടതിനാലാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള കേസന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

Comments are closed.