നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണം; അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന

കൊല്ലം: നഴ്‌സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്‌കരണം സംബന്ധിച്ച്‌ മിനിമം വേജസ് അഡ്വൈസര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. അലന്‍വന്‍സ് നല്‍കുന്നതിന് ആശുപത്രിയിലെ ബെഡ്ഡുകളുടെ എണ്ണത്തില്‍ പുനക്രമീകരണം വേണമെന്ന് ഒരു വിഭാഗം കമ്മിറ്റി അംഗങ്ങള്‍ നിലപാടെടുത്തു. സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു.
നഴ്‌സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്‌കരണം സംബന്ധിച്ച്‌ അന്തിമ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനിമം വേജസ് അഡ്വൈസറി സമിതി യോഗം ചേര്‍ന്നത്. അഡ്വൈസറി സമിതി ചെയര്‍മാന്‍ പികെ ഗുരുദാസന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. മിനിമം വേതനം അംഗീകരിക്കാമെന്ന പൊതു ധാരണ യോഗത്തില്‍ ഉണ്ടായെങ്കിലും അലവന്‍സുകള്‍ നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡമായ ബെഡുകളുടെ എണ്ണത്തിലടക്കം പുനക്രമീകരണം വേണമെന്ന് ഒരു വിഭാഗം കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു
യോഗത്തില്‍ തീരുമാനമാകാത്തതോടെ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാനും സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് അട്ടിമറിക്കാനാണ് സമിതി ശ്രമിക്കുന്നതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. അഡ്വൈസറി സമിതി ശിപാര്‍ശയില്‍ പ്രതിഷേധിച്ച്‌ യുഎന്‍എയുടെ നേതൃത്വത്തില്‍ യോഗസ്ഥലത്തേക്ക് മാര്‍ച്ച്‌ നടത്തി.

Comments are closed.