ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; കൊലക്കുറ്റത്തിന് കേസെടുത്തു

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരുടെ നീക്കങ്ങള്‍ സൂക്ഷമമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം. ആത്മഹത്യ ചെയ്ത വാസുദേവന്‍റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ശ്രീജിത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് വരാപ്പുഴ സ്വദേശി വാസുദേവന്‍റെ വീടിനുനേരെ ആക്രമണം ഉണ്ടാകുന്നത്. വീടാക്രമിച്ചവരില്‍ ശ്രീജിത്തും സഹോദരന്‍ സജിത്തും ഉള്‍പ്പെട്ടിരുന്നെന്ന് ആരോപിച്ച്‌ വെള്ളിയാഴ്ച്ച രാത്രിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് തൊട്ടുമുമ്ബും അതിനുശേഷവുമുള്ള ഈ പൊലിസുകാരുടെയും സംഭവ ദിവസത്തെ ശ്രീജിത്തിന്‍റെയും ഫോണ്‍കോള്‍ വിവരങ്ങളും ടവര്‍ ലൊക്കേഷനും അന്വേഷണസഘം പരിശോധിക്കും. പുതിയതായി കസ്റ്റഡിയിലെടുത്തവര്‍ക്ക് പുറമെ ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള വരാപ്പുഴ എസ്.ഐ ദീപക്കിന്‍റെയും എഎസ്‌ഐ സുധീറിന്‍റെയും സീനിയര്‍ സിപിഒ സന്തോഷ് എന്നിവരുടെ ഫോണ്‍ രേഖകളും പരിശോധിച്ചേക്കും.

Comments are closed.