ഭിന്നിപ്പില്ലാതെ ലോങ്‌ മാര്‍ച്ചിനു നേതൃത്വം നല്‍കാന്‍ വയല്‍ക്കിളികള്‍

കണ്ണൂര്‍: വയല്‍ക്കിളികള്‍ ഭിന്നിപ്പില്ലാതെ തിരുവനന്തപുരത്തേക്കുള്ള ലോങ്‌ മാര്‍ച്ചിനു നേതൃത്വം നല്‍കാന്‍ തീരുമാനം. അടുത്ത മാസമാകും ലോങ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുക. ദേശീയപാത സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട ഏകപക്ഷീയ നടപടികള്‍ക്കെതിരേ സംസ്‌ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാവുന്ന പ്രതിഷേധങ്ങളില്‍നിന്നുള്ള ആവേശം കൂടി മുതലെടുത്തായിരിക്കും ലോങ്‌ മാര്‍ച്ച്‌. സി.പി.എം. ഭരിക്കുന്ന കേരളത്തിലെ വയല്‍ അനുകൂല ലോങ്‌ മാര്‍ച്ച്‌ ദേശീയശ്രദ്ധ നേടുമെന്നു വയല്‍ക്കിളികള്‍ പ്രതീക്ഷിക്കുന്നു.
കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ്‌ റോഡ്‌ നിര്‍മിക്കുന്നതിനെതിരായ ലോങ്‌ മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നു വയല്‍ക്കിളികളോട്‌ അഭ്യര്‍ഥിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനും മറ്റും തുടര്‍ച്ചയായി രണ്ടു ദിവസം കീഴാറ്റൂരിലെത്തിയിരുന്നു. വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയവരുടെ വീടുകളിലെത്തിയായിരുന്നു അനുനയനീക്കം. ആരെയും സ്‌ഥിരമായി പുറത്താക്കിയിട്ടില്ല, ബി.ജെ.പിയും ജമാഅത്തെ ഇസ്‌ലാമിയും മാവോയിസ്‌റ്റുകളുമെല്ലാം ചേര്‍ന്ന്‌ ജാഥയുടെ സ്വഭാവം മാറ്റും.
അതു കാര്യങ്ങള്‍ നിയന്ത്രണാതീതമാക്കും എന്നൊക്കെയായിരുന്നു വിശദീകരണം. നടപടി നേരിടുന്ന ഏതൊരു കുടുംബത്തേയും പാര്‍ട്ടിഗ്രാമങ്ങളില്‍ അകറ്റിനിര്‍ത്തുക എന്ന പതിവിനു വ്യത്യസ്‌തമായി സി.പി.എം. ജില്ലാ നേതൃത്വം അനുനയത്തിനു ശ്രമിക്കുന്നത്‌ ന്യായം തങ്ങളുടെ പക്ഷത്താണെന്നു വ്യക്‌തമാക്കുന്നതാണെന്നു വയല്‍ക്കിളി പ്രവര്‍ത്തകര്‍ പറഞ്ഞു. മഹാരാഷ്‌്രടയില്‍ കര്‍ഷകസമരം നടത്തി വിജയിപ്പിച്ച സംഘടന കേരളത്തില്‍ വയല്‍നികത്തലിനൊപ്പം നില്‍ക്കുന്നത്‌ ദേശീയതലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ്‌ അനുനയനീക്കമെന്ന്‌ അവര്‍ വിലയിരുത്തുന്നു.

Comments are closed.