സിറിയയ്‌ക്കെതിരേ ആക്രമണം; മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന്‍

മോസ്‌കോ: അമേരിക്കയും സഖ്യകക്ഷികളും സിറിയയ്‌ക്കെതിരേ ആക്രമണം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങളെ അത് തകിടംമറിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന്‍റെ മുന്നറിയിപ്പ്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഈ ഭീഷണി മുഴക്കിയത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഈ നിയമവിരുദ്ധ നടപടി സിറിയയില്‍ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യതകള്‍ മുച്ചൂടും നശിപ്പിച്ചിരിക്കുകയാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടതായി പുടിന്‍റെ ഓഫീസിനെ ഉദ്ധരിച്ച്‌ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തു.
യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ് സിറിയക്കെതിരായ ആക്രമണമെന്നും അത് തുടരുന്ന പക്ഷം അന്താരാഷ്ട്ര തലത്തിലെ ബന്ധങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ അത് കാരണമാവുമെന്നും പുട്ടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണം ഒരു സ്വതന്ത്ര രാജ്യത്തിനെതിരായ കടന്നുകയറ്റമാണെന്നും സിറിയയിലെ ജനങ്ങളുടെ പ്രതിസന്ധി രൂക്ഷമാക്കാന്‍ മാത്രമേ അത് ഉപകരിക്കൂ എന്നും പുടിന്‍ നേരത്തേ പറഞ്ഞിരുന്നു.
സിറിയയിലെ വിമതകേന്ദ്രമായ ദൗമയ്‌ക്കെതിരേ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സിറിയന്‍ കേന്ദ്രങ്ങളെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് പുടിനും റൂഹാനിയും ടെലഫോണ്‍ സംഭാഷണം നടത്തിയത്.

Comments are closed.