22-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
ഹൈദരാബാദ്: 22-ാം സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടക്കം. സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടെയാണ് സിപിഐഎമ്മിന്റെ 22-ാം മത് പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ തുടക്കമാകുന്നത്. ഹൈദരാബാദിലെ ആര്‍ടിസി കല്യാണമണ്ഡപത്തില്‍ ഒരുക്കിയിരിക്കുന്ന മുഹമ്മദ് അമീന് നഗറിലെ ഖഗന്‍ദാസ്- സുകോമള്‍സെന്‍ മഞ്ചില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, സിപിഐ എംഎല് ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, ജി ആര് ശിവശങ്കരന് (ഫോര്‍വേഡ് ബ്ലോക്ക്), ആശിഷ് ഭട്ടാചാര്യ (എസ്യുസിഐ) എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
ഉച്ചക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കും. മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും അണിനിരത്തി ബിജെപിയെയും അതിന്റെ സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യദൗത്യം. എന്നാല്‍, കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടത് എന്ന രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിന് എതിരെ ആണ് സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍ രേഖ അവതരിപ്പിക്കുന്നത്. ഫാസിസ്റ്റിക്കായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബി ജെ പി യെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ ഉള്ള മതേതര ജനാധിപത്യ കക്ഷികളും ആയി തെരെഞ്ഞെടുപ്പില്‍ ധാരണയോ സഹകരണമോ വേണം എന്ന നിലപാട് ആണ് യെച്ചൂരിക്ക് ഉള്ളത്.
കരട് രാഷ്ട്രീയപ്രമേയത്തില്‍ വന്ന ഭേദഗതികളുടെ റിപ്പോര്‍ട്ട് ഇന്നലെ ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഈ ഭേദഗതികള്‍ ഉള്‍പ്പെടെയാണ് കരട് രാഷ്ട്രീയപ്രമേയം പാര്‍ടി കോണ്‍ഗ്രസില്‍ ഇന്ന് അവതരിപ്പിക്കുക. പാര്‍ടി കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയായി പൊളിറ്റ്ബ്യൂറോ പ്രവര്‍ത്തിക്കും. 763 പ്രതിനിധികളും 74 നിരീക്ഷകരും ആണ് അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍ നിന്നും ബംഗാളില്‍നിന്നുമാണ്. ഞാറാഴ്ച പുതിയ ജനറല്‍ സെക്രട്ടറിയേയും പോളിറ്റ് ബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരെഞ്ഞടുക്കും. അന്ന് ഹൈദരാബാദില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.
Comments are closed.