ഡല്‍ഹിയെയും മുബൈയെയും ബന്ധിപ്പിച്ച്‌ അതിവേഗപാത വരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയെയും മുബൈയെയും ബന്ധിപ്പിച്ച്‌ പുതിയ അതിവേഗപാത വരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പിന്നാക്ക മേഖലകളില്‍ക്കൂടി കടന്നുപോകുന്ന ഈ പാത ഈമേഖലകളുടെ വികസനത്തിന് വഴിതുറക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗുരുഗ്രാം-വഡോദര അതിവേഗ റെയില്‍ ഇടനാഴി നിര്‍മിക്കാനും ആലോചനയുണ്ടെന്ന് ഗഡ്കരി പറഞ്ഞു. പുതിയ അതിവേഗ പാത വരുന്നതോടെ റോഡ്മാര്‍ഗം ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള ദൂരം 1450 കിലോമീറ്ററില്‍നിന്ന് 1250 കിലോമീറ്ററായി കുറയും. ഒരുലക്ഷം കോടിരൂപ ചെലവുവരുന്ന പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ദേശീയപാത എട്ട് വഴി ഡല്‍ഹിയില്‍നിന്ന് മുംബൈയിലെത്തുന്നതിന് 24 മണിക്കൂര്‍ വേണം. പുതിയ പാത വരുന്നതോടെ ഇത് 17 മുതല്‍ 18 മണിക്കൂറായി കുറയും. ഈവര്‍ഷം ഡിസംബറില്‍ നിര്‍മാണം ആരംഭിക്കും. 40 സ്ഥലങ്ങളില്‍ ഒരേസമയം നിര്‍മാണജോലികള്‍ ആരംഭിക്കും. ഏറ്റവും പിന്നാക്ക ജില്ലകളായ ഹരിയാണയിലെ മേവാത്, ഗുജറാത്തിലെ ദാഹോത് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ജയ്പുര്‍, കോട്ട, സവായ് മധോപുര്‍, ഉജ്ജൈനി, ഗോധ്‌റ, അഹമ്മദാബാദ് ജില്ലകളെയും പാത ബന്ധിപ്പിക്കുന്നു. വിവിധ പിന്നാക്ക ജില്ലകളില്‍ക്കൂടി കടന്നുപോകുന്നതിനാല്‍ പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ഏറെ പണം മുടക്കേണ്ടിവരില്ല. ഗുരുഗ്രാം മുതല്‍ വഡോദര വരെ സ്ഥലം ഏറ്റെടുക്കുന്നതിന് 5000-6000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇത് ഡല്‍ഹി-ജയ്പുര്‍ അതിവേഗ പാതയ്ക്ക് ദേശീയപാത അതോറിറ്റി നീക്കിവെച്ചിട്ടുള്ള തുകയുടെ മൂന്നിലൊന്നു മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍.സി.ആര്‍. മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് ഗഡ്കരി പറഞ്ഞു. 35,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 40,000-ലേറെ വാണിജ്യവാഹനങ്ങള്‍ ദിവസേന നഗരത്തിലെത്തുന്നുണ്ട്. ഇത് അന്തരീക്ഷമലിനീകരണത്തിനും ഗതാഗഗതക്കുരുക്കിനും കാരണമാകുന്നു. ഈസ്റ്റേണ്‍ പെരിഫറല്‍ അതിവേഗപാതയുടെ ഉദ്ഘാടനം ഈമാസം 29-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ഡല്‍ഹി-മീററ്റ് അതിവേഗപാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ഡല്‍ഹി-ദസ്‌ന ഘട്ടത്തിന്‍റെ ഉദ്ഘാടനവും അന്നേദിവസം പ്രധാനമന്ത്രി നിര്‍വഹിക്കും.

Comments are closed.