കേന്ദ്ര ഗതാഗതമന്ത്രാലയം വാഹനങ്ങളുടെ വേഗപരിധി കൂട്ടി ഉത്തരവിറക്കി

കൊച്ചി: വാഹനങ്ങളുടെ വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. ശരാശരി 20 കിലോമീറ്റര്‍ വേഗമാണ് കൂട്ടിയത്. കേരളത്തില്‍ ഇത് പ്രായോഗികമാകില്ല. കേരളത്തിലെ പാതകളുടെ സവിശേഷത കണക്കിലെടുത്താണിത്. മലമ്ബാതകളും സമനിരപ്പിലെ പാതകളുമൊക്കെയുള്ളതിനാല്‍ എല്ലാറ്റിനും ഒരേ മാനദണ്ഡം മതിയാകില്ല. പല വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രധാന പാതകളുടെ അരികില്‍ത്തന്നെയാണെന്നതും പ്രശ്‌നമാണ്. നാലുവരിപ്പാതകളും കുറവാണ്. ഇത്തരം സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് സ്വന്തമായ നിരക്ക് ക്രമീകരിക്കാന്‍ കേരളം തയ്യാറായത്. 2014-ല്‍ നടപ്പാക്കിയതും ഇപ്പോള്‍ നിലവിലുള്ളതുമായ വേഗപരിധിയാകും കേരളത്തില്‍ നിലനില്‍ക്കുക.
മോട്ടോര്‍ വാഹനനിയമത്തിന്‍റെ 112(1) വകുപ്പുപ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതേനിയമത്തിന്‍റെ 112(2) വകുപ്പനുസരിച്ച്‌ സംസ്ഥാനത്തെ റോഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ പരിധികള്‍ നിശ്ചയിക്കാം. കേന്ദ്രപരിധിക്ക് മുകളിലാക്കാനാവില്ലെന്നു മാത്രം.
കാറുകള്‍ക്ക് എക്‌സ്​പ്രസ്വേയില്‍ 120 കിലോമീറ്ററാകാമെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ ഉത്തരവ്. ഇതുവരെ നൂറായിരുന്നു പരിധി. നടുക്ക് മീഡിയനുകളുള്ള നാലുവരി പാതകളില്‍ 80-നു പകരം നൂറു കിലോമീറ്ററാണ് പുതിയ വേഗം. പട്ടണപ്രദേശങ്ങളിലും മറ്റു പാതകളിലും 70 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് നാലുവരിപ്പാതയില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 80 കിലോമീറ്ററാണ്. അനുവദിക്കപ്പെട്ട എക്‌സ്​പ്രസ് വേകളിലും ഇതേ നിരക്കാണ്. ബാക്കിയെല്ലാ പാതകളിലും അറുപതും. ഒന്‍പതു സീറ്റിനു മുകളിലുള്ള കാബ് വിഭാഗത്തില്‍പ്പെടുന്ന എം-2 , എം-3 വാഹനങ്ങള്‍ക്ക് എക്‌സ്​പ്രസ് വേയില്‍ നൂറും നാലുവരിയില്‍ 90-ഉം മറ്റിടങ്ങളില്‍ 60-ഉം ആക്കി. മുച്ചക്ര വാഹനങ്ങള്‍ക്ക് എക്‌സ്​പ്രസ് വേയില്‍ പ്രവേശനമില്ല. മറ്റെല്ലാ പാതകളിലും അന്‍പതുകിലോമീറ്ററാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരമാവധി വേഗം.

Comments are closed.