ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് കെ.ടി. ജലീല്‍

താനൂര്‍: ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ പൊതു സഹായനിധി സ്വരൂപിച്ച്‌ അതു ചെയ്യുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപത്തിന് ശ്രമം നടത്തിയവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഹര്‍ത്താലില്‍ തകര്‍ക്കപ്പെട്ട കെ.ആര്‍. ബേക്കറിയടക്കമുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സഹായനിധിയിലേക്ക് തന്‍റെ വിഹിതമായി 25,000 രൂപയും വി.അബ്ദുറഹമാന്‍ എം.എല്‍.എ.യുടെ വിഹിതമായി ഒരു ലക്ഷവും മറ്റ് ഒമ്ബതുപേരില്‍നിന്നായി രണ്ടേകാല്‍ ലക്ഷം രൂപയുടെ ധനസഹായവും മന്ത്രി തന്നെ പ്രഖ്യാപിച്ചു. അക്രമങ്ങള്‍ എല്ലാം മലപ്പുറം ജില്ലയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ലക്ഷ്യംവെച്ച് രൂപം കൊടുത്തിട്ടുള്ളതാണെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വി. അബ്ദുറഹമാന്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്‍, കൂട്ടായി ബഷീര്‍, പി. ഉസ്മാന്‍ ഹാജി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Comments are closed.