വയല്‍ക്കിളികളുടെ ലോങ്ങ്മാര്‍ച്ച്‌ സംസ്ഥാനതല കണ്‍വെന്‍ഷന്‍ മെയ് അഞ്ചിന് കണ്ണൂരില്‍

കണ്ണൂര്‍ : വയല്‍ക്കിളികളുടെ ലോങ്ങ്മാര്‍ച്ച്‌ സംസ്ഥാനതല കണ്‍വെന്‍ഷന്‍ മെയ് അഞ്ചിന് കണ്ണൂരില്‍ നടക്കുമെന്ന് വയല്‍കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍തട നിയമം കര്‍ശനമായി നടപ്പിലാക്കുക, കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുക, ദേശീയപാതാ വികസനം ജനപക്ഷത്തുനിന്ന് നടപ്പിലാക്കുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളുമായി ആഭിമുഖ്യമുള്ള ആര്‍ക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി സമരങ്ങളില്‍ സജീവമായി ഇടപെട്ടുവരുന്ന ചെറുഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്ന 500 ലേറെപേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. വ്യക്തിഅധിഷ്ഠിതമായ രീതിയിലല്ല കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതെന്നും പ്രശ്‌നങ്ങളോടുള്ള സമീപനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോങ്ങ് മാര്‍ച്ച്‌ സംബന്ധിച്ച വിശദവിവരങ്ങളും മാര്‍ച്ച്‌ നടത്തുന്ന തീയ്യതിയും കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും.

Comments are closed.