സൂപ്പര്‍ കപ്പ് കലാശപോരാട്ടത്തില്‍ ബംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും

ഭുവനേശ്വറില്‍ നടക്കുന്ന സൂപ്പര്‍ കപ്പ് കലാശപോരാട്ടത്തില്‍ ബംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. സെമി ഫൈനലില്‍ എഫ്‌സി ഗോവയെ തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തിയത്. മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് ബംഗളൂരു ഫൈനല്‍ പ്രവേശം നേടിയത്. ഐലീഗ് ടീമാണോ ഐഎസ്‌എല്‍ ടീമാണോ കപ്പ് ഉയര്‍ത്തുകയെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന ഐഎസ്‌എല്‍ ഫൈനല്‍ മറന്ന് കളിക്കാനാകും ബംഗളൂരു ശ്രമിക്കുക. എല്ലാ വര്‍ഷവും ഒരു കിരീടം എന്ന ബംഗളൂരു ചരിത്രം തുടരാനും ഇന്ന് ജയം അനിവാര്യമാണ്. സെമിയില്‍ 10 പേരുമായി കളിച്ച്‌ പൊരുതി ജയിച്ചത് ബംഗളൂരുവിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ സെമിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട നിശുകുമാര്‍ ഇന്ന് കളത്തിലിറങ്ങില്ല.
ഈസ്റ്റ് ബംഗാളിന് ഇന്ന് വെറ്ററന്‍ സ്‌ട്രൈക്കര്‍ ഡുഡുവിനെയും നഷ്ടമായേക്കും. സെമിയില്‍ പരിക്കേറ്റ ഡുഡു ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. ഡുഡു കളത്തിലിറങ്ങുന്നില്ലെങ്കില്‍ മലയാളി സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍ ആദ്യ ഇലവനില്‍ എത്തിയേക്കും. മലയാളിയായ ഗോള്‍കീപ്പര്‍ ഉബൈദും ഈസ്റ്റ് ബംഗാള്‍ നിരയിലുണ്ടാകും. ഇന്ന് വൈകിട്ട് 4നാണ് ഫൈനല്‍ മത്സരം നടക്കുക.

Comments are closed.