എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

ഇന്‍‌ഡോര്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ ഭീല്‍ (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ രാജ്വാഡയിലായിരുന്നു സംഭവം. കുഞ്ഞിനെ മാതാപിതാക്കളുടെ അടുത്തുനിന്നും എടുത്തുകൊണ്ടുപോയി 50 മീറ്റര്‍ മാറി ഒഴിഞ്ഞ സ്ഥലത്ത് വച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ബലൂണ്‍ കച്ചവടക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ രാജ്വാഡ കോട്ടയുടെ വെളിയില്‍ കിടന്നുറങ്ങുകയായിരുന്നു. പ്രതിയും ഇവര്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. സംഭവ ദിവസം പുലര്‍ച്ചെയോടെ സുനില്‍ കുട്ടിയെ തോളില്‍ എടുത്തുകൊണ്ട് പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ ഒരു കടയുടെ മുന്നിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ തലയില്‍ മുറിവ് ഉണ്ടായിരുന്നു. പീഡിപ്പിച്ച ശേഷം കുഞ്ഞിനെ നിലത്തെറിഞ്ഞെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Comments are closed.