ചര്‍ച്ച പരാജയം; സ്വകാര്യ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. കൂടുതല്‍ സമയം വേണമെന്ന് ലേബര്‍ കമ്മീഷണറുടെ ആവശ്യം നഴ്‌സുമാര്‍ തള്ളിയതോടെയാണ് ചര്‍ച്ച പരാജയമായത്. 24 മുതല്‍ പണിമുടക്ക് നടത്തുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. 24 മുതല്‍ ആശുപത്രികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്ന് നഴ്‌സുമാര്‍ പ്രഖ്യാപിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി ലേബര്‍ കമ്മീഷണര്‍ രംഗത്തെത്തിയത്. എന്നാല്‍ ശമ്ബളപരിഷ്കരണത്തെ കുറിച്ചുള്ള അന്തിമവിജ്ഞാപനം സംബന്ധിച്ച്‌ വ്യക്തമായ ഉറപ്പുകള്‍ നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു. മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു. ഇനി വിട്ടുവീഴ്ചയില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Comments are closed.