രാജസ്‌ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സിന്‍റെ വിജയം

പുനെ: രാജസ്‌ഥാന്‍ റോയല്‍സിനെതിരേ നടന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സിന്‍റെ വിജയം. ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഷെയ്‌ന്‍ വാട്‌സണ്‍ നേടിയ സെഞ്ചുറിയുടെ ബലത്തില്‍ ചെന്നൈ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 204 റണ്ണെടുത്തു. 57 പന്തില്‍ ആറ്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 106 റണ്ണെടുത്ത വാട്‌സണ്‍ അവസാന ഓവറിലാണു പുറത്തായത്‌. 11-ാം സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്‌. വാട്‌സണിന്റെ ട്വന്റി20 കരിയറിലെ നാലാമത്തേതും. സുരേഷ്‌ റെയ്‌ന 29 പന്തില്‍ 46 റണ്ണുമായി തിളങ്ങി.

ഡെ്വയ്‌ന്‍ ബ്രാവോ 16 പന്തില്‍ നാല്‌ ഫോറുകളടക്കം 24 റണ്ണുമായി പുറത്താകാതെനിന്നു. സഹഓപ്പണര്‍ അമ്ബാട്ടി റായിഡു (എട്ട്‌ പന്തില്‍ 12), നായകന്‍ എം.എസ്‌. ധോണി (അഞ്ച്‌), സാം ബില്ലിങ്‌സ് (മൂന്ന്‌) എന്നിവര്‍ നിരാശപ്പെടുത്തി. റോയല്‍സിന്റെ സ്‌റ്റുവര്‍ട്ട്‌ ബിന്നി രണ്ട്‌ ഓവറില്‍ 33 റണ്‍ വഴങ്ങി. നാല്‌ ഓവറില്‍ 39 റണ്‍ വഴങ്ങിയ ജയദേവ്‌ ഉനാത്‌കട്ട്‌ ഏറ്റവും ധാരാളിയായി.

പഞ്ചാബ്‌ കിങ്‌സ് ഇലവന്‍റെ ക്രിസ്‌ ഗെയ്‌ല്‍ വ്യാഴാഴ്‌ച നടന്ന മത്സരത്തില്‍ സെഞ്ചുറിയടിച്ചിരുന്നു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ട്‌ പുനെയിലേക്കു മാറ്റിയിരുന്നു. തുടര്‍ന്നു നടക്കുന്ന ആദ്യ മത്സരമാണിത്‌. ഇന്നലെ 28 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന വാട്‌സണ്‍ 51 പന്തുകളിലാണു സെഞ്ചുറി കുറിച്ചത്‌.

Comments are closed.