സര്‍ക്കാര്‍ ജീവനക്കാര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നതിന് വിലക്ക്

തൃശ്ശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നതിന് വിലക്ക്. സര്‍ക്കാര്‍ ഓഫീസുകള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണിത്. പ്ലാസ്റ്റിക് പാത്രങ്ങള്‍ മാറ്റി പകരം സ്റ്റീല്‍-സിറാമിക് പാത്രങ്ങള്‍ വാങ്ങണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍വരെ ഉത്തരവ് നടപ്പാക്കും. ഇത് ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിത ചട്ടം കമ്മിറ്റികള്‍ രൂപവത്കരിക്കും. നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കും. മേയ് 15-നുള്ളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കും. ജൈവമാലിന്യ കംപോസ്റ്റ് സംവിധാനവും തുടങ്ങും. ഉപയോഗിച്ച്‌ വലിച്ചെറിയുന്ന ഒന്നും തന്നെ മേയ് 31-നു ശേഷം ഓഫീസുകളിലുണ്ടാകില്ല. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം കുട്ടകള്‍ സ്ഥാപിക്കണം. അഴുകാത്ത മാലിന്യങ്ങള്‍ പ്രത്യേക ഇടത്ത് സൂക്ഷിച്ച്‌ നിശ്ചിത ഇടവേളകളില്‍ വില്പനനടത്തണം. പൊതു ചടങ്ങുകള്‍ക്കും പ്രചാരണത്തിനും തുണിബാനറുകളും ബോര്‍ഡും മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാര്‍ ഓഫീസുകളിലെ ശൗചാലയങ്ങള്‍ സ്ത്രീ സൗഹൃദമാക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയുംവേണം.

Comments are closed.