സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് ഇന്ന് അംഗീകാരം നല്‍കും

ഹൈദരാബാദ്: രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും. രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കിയതിനു ശേഷം ഇന്നലെ രാത്രി രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അവതരിപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നത്. കേരളത്തില്‍ നിന്ന് എംബി രാജേഷ്, പി സതി ദേവി, ചന്ദ്രന്‍ പിള്ള എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്.
പുതിയ പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വൈകിട്ട് പോളിറ്റ് ബ്യുറോ ചേരും. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റിയും പോളിറ്റി ബ്യുറോയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കുന്നത്. സീതാറാം യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പൊളിറ്റ് ബ്യുറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍ പിള്ളയും എകെ പത്മനാഭനും ഒഴിഞ്ഞേക്കും. കേരളത്തില്‍ നിന്നും പുതുതായി ആരെങ്കിലും പോളിറ്റ് ബ്യുറോയിലേക്ക് പരിഗണിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേ സമയം എകെ ബാലന്‍, പി കരുണാകരന്‍, എ വിജയരാഘന്‍. തോമസ് ഐസക്ക് എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ദാവ്‌ളെ പോളിറ്റ് ബ്യുറോയിലേക്ക് പുതുതായി എത്തിയേക്കും. പികെ ഗുരുദാസന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയും. പകരം എംവി ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയേക്കും.
പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സഖ്യമെന്ന ഭാഗം കരട് പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനമാണ് സിപിഐഎമ്മില്‍ ഉണ്ടായിരിക്കുന്നത്.

Comments are closed.