സോണിയാ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ

റായ്ബറേലി: സോണിയാ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാരമ്ബര്യ രാഷ്ട്രീയത്തില്‍ നിന്ന് റായ്ബറേലിയെ മോചിപ്പിക്കുമെന്ന് മണ്ഡലത്തില്‍ സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തിനിടെ അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ റായ്ബറേലിയില്‍ പാരമ്ബര്യ രാഷ്ട്രീയമാണ് നിലവിലുള്ളതെന്ന് അമിത് ഷാ പറഞ്ഞു. പേരിനുപോലും വികസനമില്ല. വികസനത്തിന്‍റെ ഉത്തമ മാതൃകയായി മണ്ഡലത്തെയും ജില്ലയെയും മാറ്റുമെന്നും അമിത് ഷാ ഉറപ്പു നല്‍കി.
നിയമവാഴ്ചയില്ലാത്ത ഗുണ്ടാ രാജ് ഭരണമായിരുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്നതോടെ ക്രമസമാധാനം സ്ഥാപിക്കപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. തീവ്രവാദ കേസുകളില്‍ ഹിന്ദുമത വിശ്വാസികളെ ആക്ഷേപിക്കാനാണു കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 2019ല്‍ കൂടുതല്‍ ജനപിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തും. കഴിഞ്ഞ ദിവസം റായ്ബറേലി സന്ദര്‍ശിച്ച്‌ സോണിയാ ഗാന്ധി മടങ്ങിയതിന് പിന്നാലെയാണ് അമിത് ഷായുടെ സന്ദര്‍ശനം.

Comments are closed.