സീരിയല്‍ താരത്തെ കൊലപ്പെടുത്തി യുവാവ്‌ ആത്മഹത്യ ചെയ്‌തു

കൊച്ചി : മുന്‍ സീരിയല്‍ താരത്തെ കൊലപ്പെടുത്തി യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണു കൊടുങ്ങൂര്‍ വാഴൂര്‍ സ്വദേശി ശശിയുടെ മകള്‍ മീരയെ കൊലപ്പെടുത്തി പാലക്കാട്‌ കോല്‍പ്പാടം തെങ്കര ചെറക്കല്‍ വീട്ടില്‍ നൗഫല്‍ ആത്മഹത്യ ചെയ്‌തത്‌. ഒരുമാസം മുമ്ബ്‌ വാടക വീടെടുത്ത്‌ താമസം തുടങ്ങിയ ഇവര്‍ക്കൊപ്പം മീരയുടെ ആദ്യ വിവാഹത്തിലെ കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ്‌ മീര കുട്ടിയെ തന്‍റെ വീട്ടില്‍ കൊണ്ടുവിട്ടു. സീരിയലില്‍ അഭിനയിക്കാന്‍ എറണാകുളത്ത്‌ താമസം തുടങ്ങിയ മീര ഇതിനിടെയാണു നൗഫലുമായി അടുപ്പത്തിലായത്‌. പിന്നീട്‌ വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസവും തുടങ്ങി. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രശ്‌നത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം നൗഫലെത്തിയപ്പോള്‍ വീട്ടില്‍ നിന്നു മറ്റൊരു യുവാവ്‌ ഇറങ്ങിയോടിയെന്നും ഇതില്‍ പ്രകോപിതനായ നൗഫല്‍ മീരയെ കൊന്നെന്നുമാണു പോലീസ്‌ പറയുന്നത്‌. മറ്റൊരു യുവാവിനെ മീരയ്‌ക്കൊപ്പം കണ്ടെന്നും താന്‍ മരിക്കാന്‍ പോകുന്നുവെന്നും നൗഫല്‍ ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു.
ബന്ധു വിവരം അറിയിച്ചതനുസരിച്ച്‌ സുഹൃത്ത്‌ ഇവരുടെ വാടകവീട്ടിലെത്തിയപ്പോഴാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. നഗ്നമായ നിലയിലായിരുന്നു മീരയുടെ മൃതദേഹം. വയറ്റിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്‌. ഇരു കൈകളിലെയും ഞരമ്ബുകള്‍ മുറിച്ചശേഷമാണു നൗഫല്‍ തൂങ്ങിമരിച്ചത്‌. ഇരുവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരികയാണ്‌. മീര ബന്ധുക്കളുമായി അടുപ്പത്തില്ലാത്തതിനാല്‍ നൗഫലുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഇവര്‍ക്കും ധാരണയില്ല.

Comments are closed.