വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ അറസ്റ്റില്‍

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് ഏപ്രില്‍ പതിനാറിന് ഹര്‍ത്താല്‍ നടത്തിയ സംഭവത്തിന്‍റെ സൂത്രധാരന്‍മാര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരെയും പിടികൂടിയത്. അമര്‍നാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കൊപ്പം ആയിരത്തോളം അംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.
കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20), നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ് (22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിള കുന്നുവിളവീട്ടില്‍ അഖില്‍(23), തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എം.ജെ. സിറില്‍ എന്നിവരാണ് അറസ്റ്റിലായത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരുമാണിവര്‍.
കഴിഞ്ഞദിവസം തിരൂര്‍ കൂട്ടായിയില്‍നിന്ന്, മലപ്പുറത്തുള്ള വോയ്‌സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്‍റെ അഡ്മിനായ പത്താംക്ലാസുകാരനെ പോലീസ് പിടികൂടിയിരുന്നു. അമര്‍നാഥാണ് സംഘത്തലവനെന്ന് പോലീസ് പറഞ്ഞു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന ഇയാളെ മൂന്നുമാസം മുന്പാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. അന്നുമുതല്‍ ആര്‍.എസ്.എസിനെതിരേ പ്രചാരണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹര്‍ത്താലെന്ന ആശയം അമര്‍നാഥിന്‍റെതാണ്. ഇത് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല. പ്ലസ് ടു തോറ്റ ഇവര്‍ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവര്‍ പരസ്​പരം നേരില്‍ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്.

Comments are closed.