ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച ഇന്ന്. വെള്ളി, ശനി ദിവസങ്ങളിലാണ് ചൈനയിലെ വുഹാനില്‍വെച്ച്‌ ഇരുവരും അനൗദ്യോഗിക ഉച്ചകോടി നടത്തുന്നത്. അതിനായി മോദി വ്യാഴാഴ്ച വൈകീട്ട് വുഹാനിലേക്ക് തിരിച്ചു. അന്താരാഷ്ട്ര വിഷയങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘നിലവിലെയും ഭാവിയിലേക്കുള്ളതുമായ അന്താരാഷ്ട്രകാര്യങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തും. ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും.’- വുഹാനിലേക്ക് പുറപ്പെടുംമുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗികകുറിപ്പില്‍ പറയുന്നു.
1988-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചൈനീസ് സന്ദര്‍ശനവുമായാണ് രാഷ്ട്രീയനിരീക്ഷകര്‍ മോദിയുടെ സന്ദര്‍ശനത്തെ കാണുന്നത്. 1962-ലെ യുദ്ധത്തോടെ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. അതിനു സമാനമായി ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഡോക്ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ പോരാട്ടസജ്ജമായി 73 ദിവസം തുടര്‍ച്ചയായി നിന്നതിനുശേഷം ഇപ്പോഴാണ് മോദി-ഷി കൂടിക്കാഴ്ച. കഴിഞ്ഞദിവസങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ ചൈനയിലെത്തിയിരുന്നു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെയും പ്രതിരോധമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്.

Comments are closed.