സുനന്ദാ പുഷ്‌കറുടെ മരണം; ശശി തരൂര്‍ എം.പിക്ക്‌ ജാമ്യം അനുവദിച്ചു

0

ന്യൂഡല്‍ഹി : ഭാര്യ സുനന്ദാ പുഷ്‌കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ എം.പിക്ക്‌ പട്യാല ഹൗസ്‌ കോടതി ജഡ്‌ജി അരവിന്ദ്‌കുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ ഏക പ്രതിയായ തരൂരിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്‌. കേസില്‍ നാളെ നേരിട്ട്‌ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. നാളെ കോടതിയില്‍ സ്‌ഥിരജാമ്യത്തിന്‌ ഹര്‍ജി നല്‍കുമെന്ന്‌ തരൂരിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ ബുധനാഴ്‌ച വാദം പൂര്‍ത്തിയായിരുന്നു. തരൂരിനു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പോലീസ്‌ എതിര്‍ത്തിരുന്നു.
സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള ആളാണെന്നും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്കു കടക്കാനും സാധ്യതയുണ്ടെന്നും ഉള്‍പ്പെടെയുള്ള വാദങ്ങള്‍ നിരത്തിയാണ്‌ എതിര്‍ത്തത്‌. എന്നാല്‍, ഈ വാദവും കുറ്റപത്രത്തിലെ വാദവും തമ്മില്‍ വൈരുധ്യമുണ്ടെന്നു തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക്‌ മനു സിങ്‌വിയും ചൂണ്ടിക്കാട്ടി.അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യാതിരുന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും അവര്‍ ബോധിപ്പിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നും അനുമതിയില്ലാതെ വിദേശത്തേക്കു പോകരുതെന്നും കോടതി നിര്‍ദേശിച്ചു.

Leave A Reply

Your email address will not be published.