ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കം

0

നോട്ടിങാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്ബരയ്‌ക്ക് ഇന്നു തുടക്കമാകും. നോട്ടിങാമില്‍ വൈകിട്ട്‌ ഇന്ത്യന്‍ സമയം അഞ്ചു മുതല്‍ നടക്കുന്ന ഏകദിനത്തോടെയാണ്‌ മൂന്ന്‌ മത്സരങ്ങളുടെ പരമ്ബരയ്‌ക്കു തുടക്കമാകുക. പകലും രാത്രിയുമായി നടന്ന മത്സരം സോണി സിക്‌സില്‍ തത്സമയം കാണാം. ഓസ്‌ട്രേലിയയെ 6-0 ത്തിനു തോല്‍പ്പിച്ചു പരമ്ബര നേടിയ ആത്മവിശ്വാസവുമായാണ്‌ ഇംഗ്ലണ്ട്‌ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്‌.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ ബാറ്റിങ്‌ ലൈനപ്പാണ്‌ ഇംഗ്ലണ്ടിനൊപ്പമുള്ളത്‌. ജോസ്‌ ബട്ട്‌ലര്‍, ജാസണ്‍ റോയ്‌, അലക്‌സ് ഹാലസ്‌, ജോണി ബെയര്‍സ്‌റ്റോ, ഒയിന്‍ മോര്‍ഗാന്‍ എന്നിവരാണ്‌ ഇംഗ്ലണ്ടിന്റെ കരുത്ത്‌. ഓള്‍റൗണ്ടറുടെ റോളില്‍ ബെന്‍ സ്‌റ്റോക്‌സും ചേരുമ്ബോള്‍ ജയിക്കാന്‍ ഇന്ത്യക്ക്‌ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഓസ്‌ട്രേലിയയ്‌ക്കെതിരേ തങ്ങളുടെ തന്നെ ലോക റെക്കോഡ്‌ സ്‌കോര്‍ (481 റണ്‍) തിരുത്താന്‍ ഇംഗ്ലണ്ടിനായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ്‌ ലക്ഷ്യമിട്ടാണ്‌ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നത്‌.
മൂന്ന്‌ ട്വന്റി20 കളുടെ പരമ്ബര 2-1 നു ജയിച്ച ആത്മവിശ്വാസമാണ്‌ ഇന്ത്യയുടെ കൈമുതല്‍. അയര്‍ലന്‍ഡിനെതിരേ 70 റണ്ണും ഇംഗ്ലണ്ടിനെതിരേ നടന്ന ഒന്നാം ട്വന്റി20 യില്‍ 101 റണ്ണുമെടുത്ത ലോകേഷ്‌ രാഹുലിന്റെ തകര്‍പ്പന്‍ ഫോമാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. രാഹുലിനെ ഓപ്പണറുടെ റോളിലോ മൂന്നാമനോ ആക്കി നായകന്‍ വിരാട്‌ കോഹ്ലി നാലാം നമ്ബര്‍ ബാറ്റ്‌സ്മാനാകാനുള്ള ഒരുക്കത്തിലാണ്‌.
കോഹ്ലിയെക്കൂടാതെ മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി, സുരേഷ്‌ റെയ്‌ന, ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യ എന്നിവരാണു മധ്യനിരയെ നിയന്ത്രിക്കുക. അധിക പേസറിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ്‌ തീരുമാനിച്ചാല്‍ സിദ്ധാര്‍ഥ്‌ കൗളോ ശാര്‍ദൂല്‍ ഠാക്കൂറോ ഇന്നു കളിക്കും. പുറംവേദന അലട്ടുന്ന ഭുവനേശ്വര്‍ കുമാര്‍ ഇന്നു കളിക്കുമെന്ന്‌ ഉറപ്പില്ല.
ടീം: ഇന്ത്യ – വിരാട്‌ കോഹ്ലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, ലോകേഷ്‌ രാഹുല്‍, എം.എസ്‌. ധോണി, ദിനേഷ്‌ കാര്‍ത്തിക്‌, സുരേഷ്‌ റെയ്‌ന, ഹാര്‍ദിക്‌ പാണ്ഡ്യ, കുല്‍ദീപ്‌ യാദവ്‌, യുസ്‌വേന്ദ്ര ചാഹല്‍, ശ്രേയസ്‌ അയ്യര്‍, സിദ്ധാര്‍ഥ്‌ കൗള്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ്‌ യാദവ്‌, ശാര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍.
ടീം: ഇംഗ്ലണ്ട്‌- ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), ജാസണ്‍ റോയ്‌, ജോണി ബെയര്‍സ്‌റ്റോ, ജോസ്‌ ബട്ട്‌ലര്‍, മൊയീന്‍ അലി, ജോ റൂട്ട്‌, ജാക്ക്‌ ബോള്‍, ടോം കുറാന്‍, അലക്‌സ് ഹാലസ്‌, ലിയാം പ്ലങ്കറ്റ്‌, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ്‌, ഡേവിഡ്‌ വീലി, മാര്‍ക്ക്‌ വുഡ്‌.

Leave A Reply

Your email address will not be published.