ഇടുക്കി ജലനിരപ്പ് 2394.4 അടിയിലെത്തി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

0

ഇടുക്കി : ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ ജലനിരപ്പ് 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റി അധികൃതരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്‌ കണ്‍ട്രോള്‍ റൂം തുറക്കും. 2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ നേരത്തേ തുറക്കാനാണ് തീരുമാനം.

അണക്കെട്ട് തുറക്കുന്നതിനുമുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഇന്നലെ രാത്രിയോടെ ഇടുക്കിയിലെത്തി. അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി നാളെ ട്രയല്‍ നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. തുടര്‍ന്ന് മഴയുടെയും വെള്ളത്തിന്‍റെയും ഗതി അനുസരിച്ച്‌ ഘട്ടം ഘട്ടമായി ഡാം തുറക്കാനാണ് തീരുമാനം. മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്ബുകള്‍ സജ്ജമാക്കി.

അലര്‍ട്ട് ഉണ്ടായാല്‍ പെരിയാറിന് തീരത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും തുടങ്ങും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ടിവരും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

Leave A Reply

Your email address will not be published.