ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

0

ചെറുതോണി: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.26 അടിയാണ് നിലവിലെ ജലനിരപ്പ്. തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2399 അടി ആകുമ്ബോഴാണ് ക്രമപ്രകാരം മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്ബോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്‌ ഷട്ടര്‍ തുറക്കാനും സാദ്ധ്യതയുണ്ട്.
ഇന്നലെ പകല്‍ ലോ റേഞ്ച് മേഖലയില്‍ മഴ ശക്തമായിരുന്നെങ്കിലും ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളായ ഹൈറേഞ്ച് മേഖലയില്‍ കാര്യമായ മഴ ലഭിച്ചില്ല. എന്നാല്‍ സന്ധ്യയോടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ആരംഭിച്ചതോടെ രാത്രിയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 2319.16 അടി ആയിരുന്നു ജലനിരപ്പ്.
ഇടുക്കിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡാമിന് താഴെയുള്ളവര്‍ക്കും പെരിയാറിന്‍റെ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ സുരക്ഷയൊരുക്കാന്‍ ദേശീയ ദുരന്തനിവാരണ സേന ചെന്നൈ ആരക്കോണത്തു നിന്നു ഇടുക്കിയിലെത്തി. ക്യാപ്ടന്‍ പി.കെ മീനയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങുന്ന 46 അംഗ സംഘമാണ് എത്തിയത്.
ജില്ലാ ഭരണ നേതൃത്വം അറിയിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സേന നടത്തി. ആലപ്പുഴയിലും തൃശൂരും ഓരോ സംഘം കൂടിയുണ്ട്. ഫൈബര്‍ ബോട്ട്, ലൈഫ് ജാക്കറ്റ്, വലിയ മരങ്ങള്‍ വരെ മുറിക്കുന്നതിനാവശ്യമായ കട്ടര്‍, വടം, ഐആര്‍ബി ബോട്ട്, ഒബിഎം ബോട്ട് എന്നിവയും ഇവര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് മുമ്ബ് മുല്ലപ്പെരിയാറ്റിലും ഇടുക്കിയിലും ഈ ടീമില്‍പ്പെട്ട പലരും വന്നിട്ടുള്ളവരാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് ടീം ക്യാപ്ടന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.