നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം; ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് അന്വേഷണം നിഷ്പക്ഷമല്ലാത്തതിനാല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്‍റെ ഹര്‍ജിയിലെ ആവശ്യം. പ്രാഥമിക വാദത്തിനിടെ സി ബി ഐ അന്വേഷണ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു . ഇക്കാര്യത്തില്‍ ഇന്ന് വിശദമായ വാദം നടക്കും. ദിലീപിന്‍റെ ഹരജിയെ എതിര്‍ത്ത് ശക്തമായ നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ദിലീപിന്‍റെ തന്ത്രമാണ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് പിന്നിലെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി.
വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക കോടതി ആവാമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രുപീകരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു . വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക കോടതി ആവാമെന്ന സര്‍ക്കാര്‍ നിലപാട് രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രുപീകരിക്കണമെന്ന നിര്‍ദേശം റജിസ്ട്രാറെ ഔദ്യോഗീകമായി അറിയിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. കേസില്‍ വിചാരണ കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വാദം കേട്ട ശേഷമാണ് ജസ്റ്റീസ് സുനില്‍ തോമസിന്റെ നിര്‍ദേശം. വിചാരണ വനിതാ ജഡ്ജി കേള്‍ക്കണമെന്നാണ് ഇര ആവശ്യപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ പ്രത്യേക കോടതി എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും രണ്ടും വ്യത്യസ്ഥമാണന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു

Leave A Reply

Your email address will not be published.