ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്ബിളി അന്തരിച്ചു

0

പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ്റ്റ് അമ്ബിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വസതിയില്‍ ഇന്നു രാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം വെളളിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
എട്ടാം വയസ് മുതല്‍ ഡബ്ബിംഗ് ആരംഭിച്ച അമ്ബിളി മോനിഷ, ശാലിനി, ജോമോള്‍. പാര്‍വതി, വാണി വിശ്വനാഥ്, രംഭ, രോഹിണി, അംബിക, റാണി പത്മിനി, രഞ്ജിനി, സിതാര, ലിസി, ശാരി, ശോഭന, ഉര്‍വ്വശി, ചിപ്പി, പ്രിയാരാമന്‍ തുടങ്ങി ഒട്ടനവധി നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മലയാളം-തമിഴ് സീരിയല്‍ ഡബ്ബിംഗ് രംഗത്തും അന്യഭാഷ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ഭക്ത കണ്ണപ്പ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്ബിളി ആദ്യമായി ശബ്ദ നല്‍കിയത്. തമിഴ് ഉള്‍പ്പെടെ 500ല്‍ പരം ചിത്രങ്ങളില്‍ അമ്ബിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കി. 13 വയസ്സായിരിക്കെ ലോറി എന്ന സിനിമയിലെ നായികയ്ക്ക് ശബ്ദം നല്‍കിയാണ് കരിയറില്‍ വളര്‍ന്നത്. തമിഴില്‍ ശിവരഞ്ജിനി, ഐശ്വര്യ തുടങ്ങീ നടിമാര്‍ക്കും ശബ്ദം നല്‍കി.
ഡബ്ബിംഗ് ആര്‍ടിസ്റ്റായ ചന്ദ്രമോഹന്‍ ഭര്‍ത്താവാണ്. വൃന്ദ, വിദ്യ എന്നിവരാണ് മക്കള്‍. പഴയകാല ഡബ്ബിംഗ് ആര്‍ടിസ്റ്റായ പാല തങ്കം മാതാവാണ്.

Leave A Reply

Your email address will not be published.