ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 194 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇന്ത്യ

0

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 194 റണ്‍സിന്‍റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എടുത്തിട്ടുണ്ട്. കോഹ്‌ലിയും (29) അശ്വിനുമാണ് (5) ക്രീസില്‍. ഓപ്പണര്‍മാരായ മുരളി വിജയ് (6), ധവാന്‍(13), രാഹുല്‍ (13), രഹാനെ (2) എന്നിവരാണ് പുറത്തായത്. ഒന്നാം ഇന്നിങ്ങ്‌സില്‍ 13 റണ്‍സ് ലീഡുമായിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ മൂന്നാം ദിനത്തില്‍ ചായസമയത്ത് 180 റണ്‍സിലൊതുക്കി. ഇതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 194 റണ്‍സായത്. പേസര്‍ ഇഷാന്ത് ശര്‍മയുടെയും സ്പിന്നര്‍ അശ്വിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ശര്‍മ 51 റണ്‍സിന് അഞ്ചു വിക്കറ്റും അശ്വിന്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി.
രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ സാം കറന്‍ ബാറ്റിങ്ങിലും തിളങ്ങി. അടിച്ചുതകര്‍ത്ത കറന്‍ 65 പന്തില്‍ ഒമ്ബതു ഫോറും രണ്ട് സിക്‌സറും അടക്കം 63 റണ്‍സോടെ ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്‌കോററായി. ഒന്നിന് ഒമ്ബത് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍ ജെന്നിങ്ങ്‌സിനെ നഷ്ടമായി. അശ്വിന്‍റെ തിരിയുന്ന പന്തില്‍ ബാറ്റ്‌വച്ച ജെന്നിങ്ങ്‌സ് രാഹുലിന്‍റെ കൈയിലൊതുങ്ങി. എട്ടു റണ്‍സാണ് നേടാനായത്. രണ്ടാം വിക്ക്റ്റ് വീഴുമ്ബോള്‍ ഇംഗ്ലണ്ട സ്‌കോര്‍ബോര്‍ഡില്‍ പതിനെട്ട് റണ്‍സ്മാത്രം. ആദ്യ ഇന്നിങ്ങ്‌സില്‍ തകര്‍ത്തുകളിച്ച ക്യാപ്റ്റന്‍ ജോ റൂട്ടിനും പിടിച്ചു നില്‍ക്കാനായില്ല. അശ്വിന്‍റെ പന്തില്‍ രാഹുല്‍ റൂട്ടിനെയും പിടികൂടി. 14 റണ്‍സാണ് റൂട്ടിന്‍റെ സമ്ബാദ്യം.
പിന്നീട് ഇയാന്‍ ശര്‍മയുടെ ഉഴമായിരുന്നു. ഇരുപത് റണ്‍സ് നേടിയ മലാനെ ശര്‍മ രഹാനെയുടെ കൈകളിലെത്തിച്ചു. 40 പന്തില്‍ 28 റണ്‍സ് അടിച്ച ബെയര്‍സ്‌റ്റോയും ശര്‍മയുടെ പന്തില്‍ വീണു. ഇത്തവണ ധവാനാണ് ക്യാച്ചെടുത്തത്. തുടര്‍ന്ന് ബെന്‍സ്‌റ്റോക്ക്‌സിനെ ശര്‍മയുടെ പന്തില്‍ കോഹ്‌ലി പിടികൂടി. ബട്ട്‌ലറെയും ശര്‍മ മടക്കിയതോടെ ഇംഗ്ലണ്ട് ഏഴിന് 87 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പക്ഷെ വാലറ്റനിരക്കാരായ കറനും റാഷിദും ചെറുത്ത് നിന്നതോടെ സ്‌കോര്‍ നൂറ് കടന്നു. റാഷിദിനെ വീഴ്ത്തി ഉമേശ് യാദവ് ഈ കൂട്ടുകെട്ട് തകര്‍ത്തു. എട്ടാം വിക്കറ്റില്‍ ഇവര്‍ 48 റണ്‍സ് നേടി. പിന്നീടെത്തിയ ബ്രോഡിനൊപ്പം കറന്‍ 41 റണ്‍സ് കൂട്ടിചേര്‍ത്തു. പതിനൊന്ന് റണ്‍സ് നേടിയ ബ്രോഡിനെ ശര്‍മ വീഴ്ത്തി. ധവാനാണ് ക്യാച്ചെടുത്തത്. ഒടുവില്‍ ഉമേഷ് യാദവ് കറനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്ക് കറന്റെ ക്യാച്ചെടുത്തു. ഉമേഷ് യാദവ് ഏഴ് ഓവറില്‍ ഇരുപത് റണ്‍സിന് രണ്ട് വിക്കറ്റുകള്‍ കീശയിലാക്കി.

Leave A Reply

Your email address will not be published.