ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തന്ത്രി അറസ്റ്റില്‍

0

പത്തനംതിട്ട: പത്തനംതിട്ട-കൊല്ലം അതിർത്തിയായ അടൂരിൽ കഴിഞ്ഞ കുറച്ച് നാളായി തട്ടിപ്പുകാരുടെ വിളയാട്ടം. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത ഐവര്‍കാല പുത്തൻമ്പലം കോയിക്കല്‍ മുറിയില്‍ അരുണി (24)നെയാണ് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ദേവസ്വങ്ങളില്‍ ഡ്രൈവറായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ തന്ത്രിയാണ് ഇക്കുറി പിടിയിലായിരിക്കുന്നത്. നിരവധി ക്ഷേത്രങ്ങളില്‍ തന്ത്രികസ്ഥാനം നിർവഹിക്കയാണെന്നും താൻ ജോലി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഡ്രൈവറായി നിയമിക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.

കടമ്പനാട് ഓട്ടോറിക്ഷ ഓടിക്കുന്ന രാജനെ ഓട്ടം വിളിച്ചതിലൂടെ അരുണ്‍ പരിചയപ്പെട്ടിരുന്നു. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലെ തന്ത്രിമുഖ്യനാണെന്നു വിശ്വസിപ്പിച്ച ശേഷം രാജന്‍റെ വീട്ടിലെ അവസ്ഥ മനസിലാക്കിയാണ് രാജന്‍റെ മകന്‍ ജോബിക്ക് ഡ്രൈവറായി ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തത്. മൂന്നു ലക്ഷം ദേവസ്വം ബോർഡിന്‍റെ ഉദ്യോഗസ്ഥർക്ക് നൽകേണ്ടി വരുമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തതായാണ് കേസ്. ഇതിനു പുറമേ രാജന്‍റെ കാര്‍ വാടകയ്ക്കെടുത്ത് ഉപയോഗിച്ച വകയില്‍ മൂന്നു ലക്ഷം രൂപയും നല്‍കാനുണ്ട്.  ജോബിക്ക് വിശ്വാസത്തിനായി ഇയാള്‍ ഉള്‍പ്പെടെ പത്ത് പേരെ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് കാണിക്കുകയും ചെയ്തു. ഇല്ലാത്ത ക്ഷേത്രത്തിന്‍റെ പേരിലുള്ള ലെറ്റര്‍പാഡ് ആണ് ഇതിനായി ഉപയോഗിച്ചത്. പുനലൂര്‍ മേജര്‍ ശ്രീനാരായണപുരം നരസിംഹസ്വാമി ക്ഷേത്രത്തിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ അടിച്ചതായിരുന്നു നിയമന ഉത്തരവ്.

നിരവധി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അമ്പലങ്ങളുടെ ലേറ്റർപാഡ് അരുണിന്‍റെ കൈവശത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. ഗുജറാത്ത് ദ്വരക ക്ഷേത്രം,ചൈന ടിബറ്റിലെ ക്ഷേത്രം,ചിദംബരം ഏകാംബരനാഥ ക്ഷേത്രം, ആന്ധ്രാപ്രദേശ് ചിറ്റൂര്‍ കാളഹട്ടി ശിവക്ഷേത്രം, തെന്മല മഹാഗണപതി ക്ഷേത്രം, മാമ്പഴത്തറ ഭഗവതി ക്ഷേത്രം,കുളത്തൂപ്പുഴ അമ്പതേക്കര്‍ ഭദ്രകാളി ക്ഷേത്രം,തിരുവല്ല പൊടിയാടി ദേവി ക്ഷേത്രം,കോന്നി കല്ലേലി ശിവ ക്ഷേത്രം,റാന്നി പെരുനാട് ശാസ്താ ക്ഷേത്രം,സീതത്തോട് രക്തചാമുണ്ഡി ക്ഷേത്രം,കന്യാകുമാരി ഭഗവതികോവില്‍ ഉള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ താന്ത്രിക സ്ഥാനം വഹിക്കുന്നതായുള്ള രേഖ ഉണ്ടാക്കി ബ്രഹ്മശ്രീ പുത്തമ്പലം അരുണ്‍ വാസുദേവന്‍ തന്ത്രിപ്പാട് എന്നു സ്വയം വിശേഷിപ്പിച്ചാണ് ഇയാള്‍ നാട്ടുകാരെ വലയിലാക്കിയത്.ഡ്രൈവര്‍മാരെ കൂടാതെ ഉപതന്ത്രിമാരെയും നിയമിച്ചതായാണ് ലെറ്റര്‍ പാഡിലുള്ളത്. ഇതേ പഞ്ചായത്തില്‍ തന്നെ ദിവസങ്ങൾക്ക് മുൻപ് സിപിഎം നേതാക്കളായ ജയസൂര്യ പ്രകാശ്, പ്രശാന്ത് പ്ലാന്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ കെടിഡിസിയില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി പിടിയിലായത്.

ഷിബു ബാബു

Leave A Reply

Your email address will not be published.